കൊച്ചി: കടലാക്രമണത്തില്‍ നിന്ന് ചെല്ലാനം ഗ്രാമത്തെ സംരക്ഷിക്കാന്‍ ഉള്ള ടെട്രാപോഡ് നിര്‍മാണം 71 ശതമാനം പൂര്‍ത്തിയായി. 344.2 കോടി രൂപയാണ് ജലസേചന വകുപ്പ് ആദ്യ ഘട്ടത്തിനായി അനുവദിച്ചത്. 2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. വാക് വേ നിര്‍മാണവും പുരോഗമിക്കുന്നു.
അതേസമയം, കടല്‍ ഭിത്തി നിര്‍മാണത്തോടെ ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭ ഭീഷണിയില്‍ നിന്ന് സംരക്ഷണം ഒരുക്കാന്‍ സാധിച്ചു. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ കടലോരത്താണ് ആദ്യഘട്ട നിര്‍മാണം. മുംബൈ മറൈന്‍ ഡ്രൈവ്, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളില്‍ സ്ഥപിച്ചിരിക്കുന്ന ടെട്രാപോഡുകള്‍ ഉപയോഗിച്ചാണ് കടല്‍ഭിത്തി കെട്ടുന്നത്. രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിന് മുകളിലാണ് ടെട്രോപോഡുകള്‍ സ്ഥാപിക്കുന്നത്. 2.5 ടണ്‍, 3.5 ടണ്‍ ഭാരമുള്ളവയായതിനാല്‍ ഇവയ്ക്ക് ശക്തമായ കടലാക്രമണത്തെ ചെറുക്കാനാകും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിനാണ് ടെട്രോപോഡുകളുടെ നിര്‍മാണ ചുമതല. നാലായിരത്തിലധികം ടെട്രോപോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.

