മാര്‍ഗനിര്‍ദ്ദേശ ലംഘനം; 56 ലക്ഷത്തിലധികം വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്‌

കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് തുടര്‍ന്ന് ആഗോളതലത്തില്‍ 56 ലക്ഷത്തിലധികം വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. അതേസമയം, 2022 ജൂലൈയ്ക്കും സെപ്തംബറിനും ഇടയില്‍ ഇന്ത്യയില്‍ നിന്ന് 17 ലക്ഷം വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്.

ഇത്തവണ 94 ശതമാനത്തിലധികം വീഡിയോകളും ആദ്യം ഫ്‌ലാഗ് ചെയ്തത് മെഷീനുകളാണ്. ഇവയില്‍ നിന്നും 36 ശതമാനം വീഡിയോകള്‍ വ്യൂസ് ലഭിക്കുന്നതിനു മുന്‍പ് തന്നെ നീക്കം ചെയ്തിട്ടുണ്ട്. മെഷീന്‍ ലേര്‍ണിംഗ്, ഹ്യൂമന്‍ റിവ്യൂവേഴ്‌സ് എന്നിവ ചേര്‍ന്ന് യൂട്യൂബ് വീഡിയോകള്‍ നിരീക്ഷിച്ചതിന് ശേഷമാണ് നയങ്ങള്‍ നടപ്പാക്കുന്നത്.

നിലവില്‍, തെറ്റിദ്ധരിപ്പിക്കുന്ന ഡാറ്റ, ചിത്രങ്ങള്‍, സ്‌കാമുകള്‍, വീഡിയോ, കമന്റ് സ്പാം നയങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഭൂരിഭാഗം വീഡിയോകളും നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ നിരവധി സ്പാം കമന്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഏകദേശം 72.8 കോടിയിലധികം കമന്റുകളാണ് അക്കാലയളവില്‍ നീക്കം ചെയ്തത്.