തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ കോളേജുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടിനോ എട്ടരയ്‌ക്കോ തുടങ്ങി രാത്രി എട്ടോ എട്ടരയോവരെയാക്കാന്‍ സാധ്യത. കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷമൊരുക്കും വിധത്തിലാകും പുതിയ ക്രമീകരണം. എന്നാല്‍, ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതി തുടരും. കോളേജുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ ആറു ദിവസമാക്കാനും നീക്കമുണ്ട്. അധ്യാപകരുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാവില്ല. വിശദമായ ചര്‍ച്ചയ്ക്കു ശേഷമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.
അതേസമയം, ക്രെഡിറ്റിനു പ്രാധാന്യം നല്‍കി പാഠ്യപദ്ധതി നടപ്പാക്കാനാണ് ശുപാര്‍ശ. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടേതായ സമയമെടുത്ത് പൂര്‍ത്തിയാക്കാനുമാകും. പഠനത്തിന്റെ ഭാഗമായുള്ള അക്കാദമിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത ക്രെഡിറ്റ് നല്‍കും. വിഷയാധിഷ്ഠിതമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ശില്പശാലകള്‍, സെമിനാറുകള്‍ എന്നിവ നടത്തുകയും അതനുസരിച്ച് ആനുപാതികമായ ക്രെഡിറ്റ് വിദ്യാര്‍ഥിക്ക് ലഭിക്കും. ലബോറട്ടറി, ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രാവിലെ മുതല്‍ രാത്രിവരെ കാമ്പസില്‍ അക്കാദമിക് അന്തരീക്ഷമൊരുക്കാനുള്ള ശുപാര്‍ശ. മുഖ്യവിഷയങ്ങളല്ലാത്തവ പഠിപ്പിക്കാനും സമയക്രമത്തില്‍ അയവുണ്ടാവും. ഇതിന് പൊതുമാനദണ്ഡമുണ്ടാക്കും.
ക്രെഡിറ്റ് വിവരങ്ങള്‍ ഇങ്ങനെ
ഒരു സെമസ്റ്ററില്‍ 15 മണിക്കൂര്‍ ട്യൂട്ടോറിയല്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
പ്രാക്ടിക്കല്‍, ലാബ്, ഫീല്‍ഡ് വര്‍ക്ക് എന്നിവ ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
തിയറി പേപ്പറിന് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ട്യൂട്ടോറിയലിനു ചെലവഴിച്ചാല്‍ ഒരുക്രെഡിറ്റ്.
ഇന്റേണ്‍ഷിപ്പ്, പ്രോജക്ട്, എന്‍.സി.സി., എന്‍.എസ്.എസ്., കലാ-കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ക്രെഡിറ്റ്.
ആറുസെമസ്റ്ററുള്ള ഒരു ബിരുദ കോഴ്‌സില്‍ പരമാവധി 150 ക്രെഡിറ്റ്. പ്രാക്ടിക്കലുള്ള വിഷയങ്ങളില്‍ ഇത് 140 ആയേക്കാം. നാലുവര്‍ഷ ബിരുദത്തില്‍ ക്രെഡിറ്റ് 176 ആയി വര്‍ധിക്കും.

