പത്തനംതിട്ട: സർവകാല നേട്ടം കരസ്ഥമാക്കി കെഎസ്ആർടിസി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ നേടിയത്. 10,93,716 പേരാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള (17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ മാത്രം ശബരിമലയിൽ എത്തിയത്.
വിപുലമായ ക്രമീകരണങ്ങളാണ് ശബരിമല മണ്ഡലകാലം മഹോത്സവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ 171 ചെയിൻ സർവീസുകൾ, 40 തോളം കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകൾ, പമ്പയിൽ നിന്നും വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ തുടങ്ങിയവയാണ് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ.
അടുത്ത ഒരാഴ്ചക്കുള്ളിൽ ചെന്നൈ, മധുര സർവീസുകളും ആരംഭിക്കും. ഇതോടെ വരുമാന നേട്ടം സർവ്വകാല റെക്കോഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവ്വീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ഇതിനായി നിലയ്ക്കലിലും, പമ്പയിലും 10 പ്രത്യേക കൗണ്ടറുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമിമാർക്ക് കൗണ്ടറിൽ നിന്നും ടിക്കറ്റ് മുൻകൂറായി വാങ്ങി യാത്ര ചെയ്യാം. പ്രായമായവർക്കും, മുതിർന്ന പൗരന്മാർക്കും, ഗ്രൂപ്പ് ടിക്കറ്റുകൾക്കുമായി പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.

