കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താന്‍ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയര്‍ ആര്യാ രാജേന്ദ്രന് മൊഴി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം. കത്ത് സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ ബാബുവാണ് വാദം കേട്ടത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായതിനാല്‍ കേസ് അന്വേഷിക്കാനുള്ള സമയം െ്രൈകബ്രാഞ്ചിന് നല്‍കണം. വ്യാജരേഖ ചമച്ചത് ഉള്‍പ്പെടെയുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ട് പോവുകയാണ്. അതിനിടയില്‍ കോടതി ഇടപെടലോ അന്വേഷണ ഏജന്‍സിയെ മാറ്റുകയോ ചെയ്യരുത്. മേയര്‍ സ്ഥലത്തില്ലാത്ത സമയത്താണ് കത്ത് തയാറാക്കപ്പെട്ടതെന്നും സര്‍ക്കാര്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്.
അതേസമയം, കേസില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാര്‍ ഹര്‍ജി നല്‍കിയത്. ഇത്തരത്തില്‍ പരാതി നല്കിയ ഉടന്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

