7 സ്റ്റാർ നിലവാരം, 7 നിലകൾ; യൂറോപ്പ-2 ആഡംബര കപ്പൽ കൊച്ചിയിലെത്തി

കൊച്ചി: കോവിഡ് പ്രതിസന്ധിക്ക് ശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പൽ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകൾ തുടങ്ങി ഊഷ്മളമായ വരവേൽപ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേർന്ന് ഒരുക്കിയത്.

വില്ലിംഗ്ടൺ ഐലൻഡിലെ കൊച്ചി ക്രൂയിസ് ടെർമിനലിൽ നങ്കൂരമിട്ട കപ്പലിൽ 257 വിദേശ വിനോദസഞ്ചാരികളും 372 ജീവനക്കാരുമാണുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ വിദേശ വിനോദസഞ്ചാരികൾ കൊച്ചിയിൽ എത്തുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. 7 സ്റ്റാർ നിലവാരത്തിലുള്ള കപ്പലാണിത്. 7 നിലകളിലായി 900 ക്യാബിനുകൾ കപ്പലിലുണ്ട്.

ചൊവ്വാഴ്ച രാത്രി 10ന് കൊച്ചിയിൽ നിന്ന് കപ്പൽ തായ്‌ലാൻഡിലേക്ക് യാത്ര തിരിച്ചു.