കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ ഒഴിവ്; അപേക്ഷ നൽകാം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ ഒഴിവ്. അയൽക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയവർക്ക് അപേക്ഷ നൽകാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷക അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തി ആയിരിക്കണമെന്നാണ് നിബന്ധന. ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് )ഉണ്ടായിരിക്കണം. പ്രായ പരിധി – 20 നും 35 നും മധ്യേ. കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റുമാരായി (കരാർ/ ദിവസവേതനം) പ്രവർത്തിച്ചവർക്ക് 45 വയസു വരെയാണ് പ്രായപരിധി.

എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, പത്തനംതിട്ട എന്ന വിലാസത്തിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഉദ്യോഗാർഥി അപേക്ഷ ഫോം പൂരിപ്പിച്ച് നിർദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം സി.ഡി.എസ്. ചെയർപേഴ്‌സൺ/മെമ്പർ സെക്രട്ടറിയുടെ ഒപ്പോടു കൂടി വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 12.