വിഴിഞ്ഞത്തേത് വലിയക്രമസമാധാന പ്രശ്നം; പോലീസ് കാഴ്ചക്കാരായെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

കൊച്ചി: വിഴിഞ്ഞത്തേത് വലിയക്രമസമാധാന പ്രശ്നമാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖനിർമാണത്തിന് സാധനങ്ങളുമായി എത്തിയ ലോറി തടഞ്ഞപ്പോൾ പോലീസ് കാഴ്ചക്കാരായെന്നും നിയമം കയ്യിലെടുക്കാൻ വൈദികരടക്കം നേതൃത്വം നൽകുന്നുവെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ വ്യക്തമാക്കി. സ്വന്തം നിയമംനടപ്പാക്കുന്ന ഒരു കൂട്ടരാണ് വിഴിഞ്ഞത്തേത്. രാജ്യത്തെ നിയമസംവിധാനത്തെ ഇവർ വിലകൽപ്പിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

പോലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. മാസങ്ങളായി നിർമാണപ്രവൃത്തികൾ തടസ്സപ്പെട്ടതിനെത്തുടർന്ന് കോടികളാണ് തങ്ങൾക്ക് നഷ്ടമായത്. സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. യുക്തിരഹിതമായാണ് സമരക്കാർ പെരുമാറുന്നത്. ഞായറാഴ്ചത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദാനി ആവശ്യപ്പെട്ടു. അതേസമയം, വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ അദാനിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയതോടെയാണ് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. പരിമിതമായ കാര്യങ്ങൾ കോടതിയെ അറിയിച്ചശേഷം വിശദമായ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച നടന്ന വിഴിഞ്ഞ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ 3,000ത്തോളം പേർ ഉണ്ടായിരുന്നെന്നും 40 പോലീസുകാർക്ക് പരിക്കേറ്റുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. ഇത്തരം വിവരങ്ങളെല്ലാം സത്യവാങ്മൂലമായി സമർപ്പിക്കാമെന്ന് സർക്കാർ കോടതിൽ പറഞ്ഞു. സംഘർഷത്തെത്തുടർന്നുണ്ടായ നഷ്ടം പ്രതിഷേധക്കാരിൽ നിന്നും ഈടാക്കുമെന്നും പരിക്കേറ്റ സ്റ്റേഷൻ ഹൗസ് ഓഫീസറടക്കം ചികിത്സയിലാണെന്നും സർക്കാർ വിശദമാക്കി. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ എന്ത് ചെയ്തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്താമെന്നും കോടതി ചോദിക്കുന്നു. നടപടിക്കായി കോടതി നിർദ്ദേശം കാത്തിരിക്കേണ്ട. സർക്കാരും പോലീസും അവരിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും കോടതി കൂട്ടിച്ചേർത്തു.