കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിലാണ് കെസിബിസി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. കേസുകൾ പിൻവലിക്കാൻ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും ഉൾപ്പെടെ പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കെസിബിസി അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് കെസിബിസി ഇക്കാര്യം അറിയിച്ചത്.
അതേസമയം, ജനവികാരം മാനിച്ചു പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നില്ലെന്ന് കേരള കാത്തലിക്സ് ബിഷപ്പ് കൗൺസിൽ കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പൊലീസ് തയാറാകണമെന്നാണ് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെടുന്നത്. സമര സമിതി കൺവീനർ ഫാ യുജിൻ പെരേരയും പോലീസിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വൈദികരെ അടക്കം പൊലീസ് മർദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. സമര സ്ഥലത്ത് വന്ന് നിന്നാൽ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

