തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് സർക്കാർ തുറന്നുപറയാത്തതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഇനിയും സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
അതേസമയം, സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഔദ്യോഗികമായി സർക്കാർ ഉത്തരവിറക്കണമെന്ന് സിൽവർലൈൻ വിരുദ്ധസമരസമിതി ആവശ്യപ്പെട്ടു. ഭൂമി ഇടപാട് മാറ്റാൻ നടപടി വേണമെന്നാണ് സമരസമിതി ജില്ലാ രക്ഷാധികാരി മിനി കെ ഫിലിപ്പ് വ്യക്തമാക്കിയത്.
സില്ഡവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും സർക്കാർ മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് 205 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവരെയാണ് തിരികെ വിളിച്ചത്. സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കുന്നത്.

