തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷവുമായി ബന്ധപ്പെട്ട് വൈദികർക്കെതിരായ കേസുകൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലത്തീൻ കത്തോലിക്ക സഭയുടെ ബഹുമാന്യരായ ആർച്ച് ബിഷപ്പ് നെറ്റോ അടക്കം പല വൈദികരെയും പ്രതികളാക്കിയാണ് എഫ് ഐ ആർ തയ്യാറാക്കിയത് വളരെ നിർഭാഗ്യകരമായിപ്പോയി. കഴിഞ്ഞ ദിവസത്തെ അതിക്രമങ്ങളെ അദ്ദേഹം അപലപിച്ചു. നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഒരു ശരിയായ പരിഹാരം കാണാൻ അധികാരികൾക്ക് കഴിയാതെ പോയതാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന വിവിധമായി പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ അനുയോജ്യമായ പരിഹാരം കാണണം. സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

