മറ്റുള്ളവർ പറയുന്നതുപോലെ തനിക്ക് ശശി തരൂരിനോട് പിണക്കമില്ല; തന്നെ വില്ലനാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് വി ഡി സതീശൻ

കൊച്ചി: മറ്റുള്ളവർ പറയുന്നതുപോലെ തനിക്ക് ശശി തരൂരിനോട് പിണക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണ് മാദ്ധ്യമങ്ങളുടെ ശ്രമം. അടുത്തിടെ ഉണ്ടായ വിവാദങ്ങളിൽ തന്നെ വില്ലനാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇഷ്ടമില്ലാത്തവരോട് വരെ സംസാരിക്കുന്ന താൻ ഇഷ്ടവും ബഹുമാനവുമുള്ള തരൂരിനോട് മിണ്ടാതിരിക്കുന്നതെങ്ങനെയാണ്. തരൂരിനോട് തനിക്ക് അസൂയയുണ്ടെന്ന കാര്യം ശരിയാണ്. തനിക്കില്ലാത്ത കഴിവുകൾ ഉള്ള വ്യക്തിയോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. തന്നെ നോക്കി ആരും അസൂയപ്പെടുന്നില്ലെന്ന സങ്കടവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തിരുവനന്തപുരത്തെ പരിപാടിയിൽ തരൂരുമായി സംസാരിച്ചില്ലെന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണ്. ഈ കഥയിൽ തന്നെ വില്ലനായി ചിത്രീകരിച്ചു. എപ്പോഴും നമുക്ക് നായകനായി നിൽക്കാൻ പറ്റുമോ. കഥകളിൽ വില്ലനും വേണമല്ലോ. ഇപ്പം മെനഞ്ഞ കഥയിലെ വില്ലനാകാനുള്ള യോഗമായിരുന്നു തനിക്ക്. നമുക്കെന്തു ചെയ്യാൻ പറ്റുമെന്നും വി ഡി സതീശൻ ചോദിക്കുന്നു.