തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ പോലീസ് സ്റ്റേഷന് ആക്രമിക്കുകയും പ്രദേശത്ത് അക്രമം അഴിച്ചുവിടുകയും ചെയ്ത കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ്. ലഹളയുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എഫ്ഐആറില്‍ ചുമത്തിയിട്ടുള്ളത്. അക്രമ സംഭവങ്ങളില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സമരക്കാര്‍ പോലീസിനെ ബന്ധിയാക്കി. പ്രതികളെ വിട്ടില്ലെങ്കില്‍ പോലീസുകാരെ സ്റ്റേഷനിലിട്ട് കത്തിച്ചു കൊല്ലുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍, കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നും പോലീസുകാരെ കൊല്ലാനാണ് ലക്ഷ്യമിട്ടതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കസ്റ്റിഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തോളം പേരുള്‍പ്പെട്ട സംഘം സംഘടിച്ച് ആക്രമണം നടത്തിയത്.പോലീസ് വാഹനങ്ങള്‍ തകര്‍ത്ത അക്രമകാരികള്‍ പോലീസുകാരെ ആക്രമിക്കുകയും പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ക്കുകയും ചെയ്തു. 36 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് വളഞ്ഞത്. ചിലര്‍ അകത്തേക്ക് ഇരച്ചുകയറി മരത്തടി ഉപയോഗിച്ച് സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ത്തു. 36 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എസ്.ഐ. ലിജോ പി. മണിയുടെ കാലിന് ഗുരുതരപരിക്കേറ്റു. എഫ്.ഐ.ആര് രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. നാലു പോലീസ് വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്തു. ഒരു പോലീസുകാരന്റെ കാലൊടിഞ്ഞു. അക്രമസംഭവങ്ങള്‍ ചിത്രീകരിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഷെരീഫിനെ സമരക്കാര്‍ ആക്രമിച്ചു.
അതേസമയം, അക്രമകാരികള്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടവരില്‍ നാല് പേരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും.

