യൂറോപ്യന്‍ യൂണിയന്‍ വിമാനങ്ങളില്‍ 5ജി സേവനമൊരുക്കുന്നു

വിമാനങ്ങളില്‍ 5ജി സേവനങ്ങള്‍ മികച്ച രീതിയില്‍ ക്രമീകരിക്കുമെന്നറിയിച്ച് യൂറോപ്യന്‍ യൂണിയന്‍. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഡാറ്റ എന്നിവ ഉപയോഗപ്പെടുത്താന്‍ ഈ തീരുമാനം എയര്‍ലൈനുകളെ അനുവദിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്തിനുള്ളിലെ ശൃംഖലയെ ഒരു ഉപഗ്രഹം വഴി ഭൂമിയുമായി ബന്ധിപ്പിക്കുന്ന പിക്കോ-സെല്‍ എന്ന പ്രത്യേക നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സേവനം നല്‍കാനാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ‘5ജി ആളുകള്‍ക്ക് നൂതന സേവനങ്ങളും യൂറോപ്യന്‍ കമ്ബനികള്‍ക്ക് വളര്‍ച്ചാ അവസരങ്ങളും പ്രാപ്തമാക്കും,’ ഇയു ആഭ്യന്തര വിപണി കമ്മീഷണര്‍ തിയറി ബ്രട്ടോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

2020-ല്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ മൊബൈല്‍ വയര്‍ലെസ് ഫ്രീക്വന്‍സികള്‍ വഴി ഇന്‍-ഫ്ലൈറ്റ് വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ അനുവദിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ചിരുന്നു. സുരക്ഷാ, ദേശീയ സുരക്ഷാ കാരണങ്ങളില്‍ എയര്‍ലൈന്‍ പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരുടെയും ശക്തമായ എതിര്‍പ്പ് ചൂണ്ടികാണിച്ചായിരുന്നു ഇത്.