എല്‍ഡി ക്ലര്‍ക്ക് നിയമന ഉത്തരവ് കൈമാറിയ രീതിയില്‍ കൂടുതല്‍ ചട്ടലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ റവന്യൂ വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമന ഉത്തരവ് കൈമാറിയ രീതിയില്‍ കൂടുതല്‍ ചട്ടലംഘനങ്ങളെന്ന് കണ്ടെത്തല്‍. ജോലിയില്‍ പ്രവേശിക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ എത്തിയ ശേഷമാണ് അടൂര്‍ തഹസില്‍ദാര്‍ക്ക് നിയമന ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതെന്നും ശിരസ്തദാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്, തഹസില്‍ദാര്‍ ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് പുറത്തു വരുന്ന വിവരം.

എല്‍ഡി ക്ലര്‍ക്ക് നിയമനം കിട്ടിയ 25 പേരുടെ പട്ടികയില്‍ നിന്ന് മുന്‍കൂട്ടി നിയമന ഉത്തരവ് കിട്ടിയ രണ്ട് പേരും അടൂര്‍ തഹസില്‍ദാര്‍ക്ക് മുന്നിലാണ് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായത്. എന്നാല്‍, 21 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരുവരും താലൂക്ക് ഓഫിസിലെത്തിയപ്പോഴാണ് തഹസില്‍ദാര്‍ നിയമനം സംബന്ധിച്ച വിവരം അറിയുന്നത്. നിയമന ഉത്തരവിന്റെ പകര്‍പ്പ് കിട്ടാത്തതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ കളക്ട്രേറ്റിലെ ശിരസ്തദാറുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉത്തരവുമായെത്തിയ ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാമെന്നായിരുന്നു ശിരസ്തദാറിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് കളക്ട്രേറ്റില്‍ നിന്ന് തഹസില്‍ദാര്‍ക്ക് ഇമെയില്‍ മുഖാന്തരം ഉത്തരവ് അയച്ച് നല്‍കുകയും ചെയ്തു.

അതേസമയം, നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റേഡ് തപാല്‍ വഴി ഉത്തരവ് അയച്ചു കൊടുക്കുന്നതിനൊപ്പം തന്നെയാണ് ഉദ്യോഗാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയേണ്ട മേല്‍ ഉദ്യോഗസ്ഥര്‍ക്കും പകര്‍പ്പ് അയക്കുക. 25 പേരടങ്ങുന്ന പട്ടികയില്‍ ആദ്യം ജോലിയില്‍ പ്രവേശിച്ചാല്‍ സര്‍വീസ് സീനിയോരിറ്റി പോലും കിട്ടാന്‍ ഇടയില്ലെന്നിരിക്കെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്തിനെന്നാണ് ഉയരുന്ന ചോദ്യം.