രാജ്യത്ത് രാഷ്ട്രപതി കഴിഞ്ഞാല്‍ തപാല്‍ പിന്‍കോഡുള്ളത് ശബരിമല അയ്യപ്പ സ്വാമിക്ക്

ശബരിമല: രാജ്യത്ത് രാഷ്ട്രപതി കഴിഞ്ഞാല്‍ പിന്നെ തപാല്‍ പിന്‍കോഡുള്ളത് ശബരിമല അയ്യപ്പ സ്വാമിക്ക് മാത്രം. 689713 എന്ന പിന്‍കോഡ് ശബരിമല അയ്യപ്പന്റെ പേരിലാണ്. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തു മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും സന്നിധാനം തപാല്‍ ഓഫീസും സജീവമാകുന്നത്. പതിനെട്ടാംപടിയും അയ്യപ്പ വിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടത്തെ തപാല്‍ മുദ്ര.

അതേസമയം, ഇത്തരത്തിലുള്ള തപാല്‍ മുദ്ര രാജ്യത്ത് മറ്റൊരിടത്തും ഇല്ല. നിരവധി തീര്‍ഥാടകരാണ് കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിത്യവും തപാല്‍ ഓഫീസിലെത്തുന്നത്. തീര്‍ഥാടനം കഴിഞ്ഞാല്‍ തപാല്‍ മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ ലോക്കറിലേക്കു മാറ്റും.

ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവച്ചും പ്രണയം പറഞ്ഞും അയ്യപ്പസ്വാമിക്കു നിത്യവും ഒട്ടേറെ കത്തുകളാണു വരുന്നത്. ഇത്തരം കത്തുകള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കു കൈമാറും.