മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ വോട്ടെടുപ്പ് വേണം; എഐസിസിയോട്‌ സച്ചിന്‍ പൈലറ്റ്‌

രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് എഐസിസിയോടാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ്. ബിജെപി ക്യാമ്പില്‍ നിന്ന് ചില എംഎല്‍എമാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണത്തിലും ചതിയനാണെന്ന വിശേഷണത്തിലും ഗെഹ്ലോട്ടിനെതിരെയുള്ള കടുത്ത പ്രതിഷേധം സച്ചിന്‍ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അറിയിച്ചിട്ടുണ്ട്. ഗുജറാത്ത് ഫലം വരുന്ന അടുത്ത മാസം 8 ന് ശേഷം ഗെഹ്‌ലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് ഖര്‍ഗെയുടെ നീക്കം.

അതേസമയം, എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് മുഖ്യമന്ത്രി കസേര വിടില്ലെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കുന്നത്. എന്നാല്‍, ഇരുപതില്‍ താഴെ എംഎല്‍എമാരെ ഒപ്പമുള്ളൂവെന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും, മുഴുവന്‍ പേരുടെയും നിലപാട് അഭിപ്രായ വോട്ടെടുപ്പിലൂടെ അറിയാനാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ, സച്ചിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന ഗുര്‍ജര്‍ വിഭാഗത്തിന്റെ ഭീഷണിയുണ്ട്. ചൊവ്വാഴ്ച രാജസ്ഥാനിലെത്തി ഇടഞ്ഞു നില്‍ക്കുന്നവരോട് സംസാരിക്കാന്‍ കെ.സി വേണുഗോപാലിനോട് ഖര്‍ഗെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.