ന്യൂഡൽഹി: ശശി തരൂർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി താരീഖ് അൻവർ. ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാമെന്നും എന്നാൽ അതാത് പാർട്ടി ഘടകങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഡിസിസിയുടെ അനുമതി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
എം കെ രാഘവൻ എംപിയുടെ പരാതി ലഭിച്ചിട്ടില്ല. എഐസിസിയിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നുമെന്നും താരീഖ് അൻവർ അറിയിച്ചു.
അതേസമയം, പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് വേദിയിലുണ്ടാകില്ല. ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ ശശി തരൂർ, കെ സുധാകരൻ, വി ഡി സതീശൻ ഉൾപ്പെടെവർ പങ്കെടുക്കുമെങ്കിലും ശശി തരൂരും വി ഡി സതീശനും ഒരേ വേദിയിൽ എത്തില്ലെന്നാണ് വിവരം.
രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശശി തരൂരും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പങ്കെടുക്കും. വി ഡി സതീശൻ പങ്കെടുക്കുന്നത് വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാണ്. കോൺക്ലേവ് ശക്തി പ്രകടനം അല്ലെന്ന് സംഘടകർ പറഞ്ഞു.

