പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകണമെന്ന് കേന്ദ്രത്തിന്റെ അന്ത്യശാസന; ഫയലിൽ ഒപ്പുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകണമെന്ന് കേന്ദ്ര സർക്കാർ അന്ത്യശാസന നൽകിയതിന് പിന്നാലെ
ഇതിനായുള്ള നടപടികൾ സ്വീകരിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ പണം നൽകാനുള്ള ഫയലിൽ ഒപ്പുവെച്ചു. പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസന നൽകിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചതെന്നാണ് റിപ്പോർട്ട്.

89540 മെട്രിക് ടൺ അരിയാണ് കേന്ദ്രം 2019 ഓഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തെത്തുടർന്ന് കേരളത്തിന് അനുവദിച്ചത്. അരിയുടെ തുക നൽകണമെന്ന് അന്ന് തന്നെ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. പ്രളയകാലത്തെ സഹായമായി അരിവിതരണത്തെ കാണണമെന്ന് സംസ്ഥാനം പലതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചിരുന്നു. ആകെ 205.81 കോടിരൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. കേരളം ഇതുവരെയും പണം നൽകാത്ത സാഹചര്യത്തിലാണ് പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് പിടിക്കുമെന്ന് കേന്ദ്രം അന്ത്യശാസന നൽകിയത്.