തിരുവനന്തപുരം: കേരളത്തില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറെ പ്രതീക്ഷ തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലാണ്. ബി. ജെ. പിക്ക് മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുള്ള ഈ സീറ്റുകള്‍ ഉറപ്പിക്കാന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയുണ്ട്. കൂടാതെ, രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടുള്ള പാലക്കാടും കാസര്‍കോടും ആറ്റിങ്ങലും സാധ്യതകളുള്ള മണ്ഡലങ്ങളായാണ് കരുതുന്നത്.
അതേസമയം, ഓരോ സംസ്ഥാനത്തും ബിജെപിക്ക് ഓരോ പ്ലാന്‍ ആണ്. കേരളത്തില്‍ 35 ശതമാനം വോട്ടര്‍മാര്‍ക്ക് മോദിയോട് ആരാധനയുണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ ഇരുനൂറോളം ജനക്ഷേമ പദ്ധതികളില്‍ ഏതെങ്കിലും ഒന്നിന്റെ ഗുണഭോക്താവായ ഒന്നേകാല്‍ കോടി വോട്ടര്‍മാരുണ്ട് കേരളത്തില്‍. മോദി എന്നാല്‍ വികസനം, ദേശാഭിമാനം, പറഞ്ഞത് ചെയ്യുന്ന ഭരണാധിപന്‍, ലോകത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ നേതാവ് തുടങ്ങിയ മുദ്രകള്‍ ഉയര്‍ത്തിയാവും പ്രചാരണം. ഓരോ മാസവും ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്ത് ഓരോ ജില്ലയിലും മോദി എന്ന ബ്രാന്‍ഡിന്റെ പ്രൊമോഷന് നേതൃത്വം നല്‍കാനാണ് തീരുമാനം. ദേശീയതലത്തില്‍ ‘മിഷന്‍ 450’ആണ് ബി.ജെ.പി അജണ്ട. നിലവില്‍ 303 സീറ്റാണ് പാര്‍ലമെന്റില്‍. അതിനൊപ്പം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ വിജയപ്രതീക്ഷയിലോ ആയിരുന്ന 144 മണ്ഡലങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് 24 മാസത്തിലേറെ ശേഷിക്കേ ഈ മണ്ഡലങ്ങളിലെല്ലാം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങിയ ഒന്നാം ഘട്ട തയ്യാറെടുപ്പ് അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും. അതിനകം ബൂത്ത് കമ്മിറ്റികള്‍ 18,000ത്തില്‍ നിന്ന് 22,000 ആയി വര്‍ദ്ധിപ്പിക്കും. ബൂത്ത് രൂപീകരണം, ഫണ്ട് സമാഹരണം,മൂന്നിലേറെ ബൂത്തുകള്‍ ചേര്‍ത്ത് ശക്തികേന്ദ്ര രൂപീകരണം തുടങ്ങിയവ നടത്തും. പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെയുള്ള 15,000 നേതാക്കള്‍ ഹോം ബൂത്തുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കും. എല്ലാ വീട്ടിലും ബി.ജെ.പി പ്രവര്‍ത്തകര്‍ മോദിയുടെ സന്ദേശം എത്തിക്കും. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ‘ബ്രാന്‍ഡ് മോദി’ ഏകോപനച്ചുമതല. കേന്ദ്രമന്ത്രിമാരായ ശോഭ കരന്ത്‌ലജെ, ഭഗവന്ത് ഖുബെ, സുരേഷ് ഗോപി തുടങ്ങിയവരുടെ ടീം സഹായിക്കും.

