ന്യൂഡൽഹി: ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്കെത്തുന്ന സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിക്കാമെന്ന് വ്യക്തമാക്കി ഡൽഹി ജുമാ മസ്ജിദ് ഇമാം. ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ പേരിൽ ഗേറ്റിൽ നോട്ടീസ് പതിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ജുമാ മസ്ജിദ് ഇമാമിന്റെ പ്രതികരണം.
വിലക്ക് നടപടി ചർച്ചയായതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനും, ന്യൂനപക്ഷ മന്ത്രാലയത്തിനും വനിതാ കമ്മീഷൻ കത്തയച്ചിരുന്നു. സ്ത്രീകളുടെ പ്രാർത്ഥിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കമ്മീഷന്റെ നടപടി. പിന്നീട് ഡൽഹി ലെഫ് ഗവർണർ വിനയ്കുമാർ സാക്സന, പള്ളി കമ്മിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ജുമാ മസ്ജിദിന്റെ പ്രവേശന കവാടത്തിൽ നിരോധനം അറിയിച്ചുള്ള നോട്ടീസ് പതിച്ചത്. മൂന്ന് ഗേറ്റുകളിലും നോട്ടീസ് പതിച്ചിരുന്നു. നമസ്കാരത്തിനായി എത്തുന്നവർക്ക് ശല്യമാണെന്നും മസ്ജിദിന്റെ ദൃശ്യങ്ങൾ സ്ത്രീകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തടയാനാണ് നിരോധനമെന്ന് ജുമാ മസ്ജിദിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, കുടുംബത്തോടൊപ്പം എത്തുന്നവർക്കും വിവാഹിതരായ ദമ്പതികൾക്കും നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

