ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മനഃപൂർവം വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കൗസർ എടപ്പഗപ്പമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണിൽ സമാനമായ മറ്റൊരു ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ചും പുറപ്പെടുവിച്ചിരുന്നു.