നിയമന വിവാദം; ആര്യാ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിലാണ് മേയർ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ഓഫിസിലെ ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട കേസിൽ വിശദ അന്വേഷണത്തിന്റെ ഭാഗമായായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്.

കത്ത് വ്യാജമാണെന്നും ലെറ്റർ പാഡിലെ ഒപ്പ് സ്‌കാൻ ചെയ്ത് കൃത്രിമമായി തയാറാക്കിയതാവാമെന്നും മേയർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ഓഫിസ് ജീവനക്കാർ വ്യക്തമാക്കിയത്. കോർപ്പറേഷന് കീഴിലുള്ള ഒഴിവുകളിലെ നിയമനത്തിന് ശുപാർശ തേടിയുള്ള കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, കേസെടുത്ത് അന്വേഷിക്കണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുന്നത്.