മംഗളൂരു സ്‌ഫോടന കേസ്; കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടന്നതെന്ന് കണ്ടെത്തൽ

മംഗളൂരു: മംഗളൂരു സ്‌ഫോടനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ ശനിയാഴ്ച മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ നടന്ന ബോംബ് സ്ഫോടനം പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നുവെന്ന് കത്ത് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടനയിൽ നിന്നാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.

ഇത്തരമൊരു സംഘടനയെക്കുറിച്ച് നേരത്തെ അറിവില്ലെന്നും പോലീസ് വിശദമാക്കുന്നു. അതേസമയം, കത്ത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സംഘടനയുടെ പേര് ആദ്യം കേൾക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഗ്ലിഷിലാണ് കത്ത് ലഭിച്ചത്. ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുകയും അടിച്ചമർത്തൽ നിയമങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്.

അതേസമയം, സ്ഫോടനം നടത്തിയയാൾ തീവ്രവാദക്കേസിൽ പോലീസ് തിരയുന്ന പ്രതിയാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തീർഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരീഖ് (24) ആണ് മംഗളൂരുവിൽ സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

സെപ്തംബർ മാസം മുതൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയാണ്. തീവ്രവാദസംഘടനയായ അൽഹിന്ദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഇയാൾ. പോലീസിന്റെ രേഖകളിൽ നിന്നാണ് ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടത്തിയ യാത്രക്കാരൻ ഷാരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങൾ ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. മംഗളൂരുവിലെ കെട്ടിടങ്ങളിൽ താലിബാനെയും ലഷ്‌കർ ഇ ത്വയ്ബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിനാണ് മംഗളൂരു പോലീസ് ഷാരീഖിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങി. ശിവമോഗയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നു.