കൊച്ചി മെട്രോ: കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍

കൊച്ചി: വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയില്‍ നിന്ന് പിന്മാറിയതിനാല്‍ കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയിലായി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. നിര്‍മാണം മുടങ്ങില്ലെന്നും മറ്റൊരു ഏജന്‍സിയെ കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ മെട്രോ നിര്‍മിക്കാന്‍ ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വായ്പയിലായിരുന്നു കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. മെട്രോ ആദ്യഘട്ട നിര്‍മാണ എസ്റ്റിമേറ്റ് 5,181 കോടി രൂപയായിരുന്നെങ്കിലും പൂര്‍ത്തിയായത് 7,100 കോടി രൂപയ്ക്കാണ്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായാല്‍ ഓരോ ദിവസവും 4.5 ലക്ഷം പേര്‍ മെട്രോ യാത്രക്കാരാകുമെന്നും കണക്കുകൂട്ടി. നിലവിലെ പ്രതിദിന യാത്രക്കാര്‍ 70,000 മാണ്. എന്നാല്‍, രണ്ടാംഘട്ട നിര്‍മാണത്തിന് കെഎംആര്‍എല്ലിന്റെ എസ്റ്റിമേറ്റ് 2,577 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ ഇത് 1,957 കോടി രൂപയായി വെട്ടിക്കുറിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തല്‍. എഎഫ്ഡി സ്വന്തം നിലയ്ക്ക് ഏജന്‍സിയെ വച്ച് അന്വേഷണം നടത്തിയതില്‍ ഉദ്ദേശിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വ്യക്തമായതോടെയാണ് ഇപ്പോഴുള്ള ഈ പിന്മാറ്റം.

അതേസമയം, പദ്ധതി മുടങ്ങില്ലെന്നും മറ്റൊരു ഏജന്‍സിയെ കണ്ടെത്തി രണ്ടാംഘട്ടവുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് കൊച്ചിയില്‍ വച്ചാണ് മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.