കൊച്ചി: ശബരിമല പ്രത്യേക തീവണ്ടികളുടെ അമിത നിരക്കിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ വിശദീകരണം തേടി ഹൈക്കോടതി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ളവർക്കുമാണ് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചത്. മാധ്യമ വാർത്തയെ തുടർന്നാണ് കോടതിയുടെ നടപടി.
വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കേസിൽ റെയിൽവേയെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമല തീർത്ഥാടകരിൽ നിന്ന് റെയിൽവേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായി കേരളം നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി മന്ത്രി വി അബ്ദുറഹിമാൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയക്കുകയും ചെയ്തിരുന്നു. ശബരിമല തീർത്ഥാടകരിൽ നിന്നും റെയിൽവേ അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ചത്. ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് ഈടാക്കുന്ന ഉയർന്ന നിരക്ക് പിൻവലിക്കണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.
590 രൂപയാണ് ഹൈദരാബാദ് – കോട്ടയം യാത്രക്ക് സ്ലീപ്പർ നിരക്ക് ഈടാക്കുന്നത്. എന്നാൽ, 795 രൂപയാണ് ശബരി സ്പെഷ്യൽ ട്രെയിൻ നിരക്ക്. 205 രൂപ അധികമായി ഈടാക്കുന്നുണ്ട്. ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന നീക്കം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല. ഓരോ തീർത്ഥാടന കാലങ്ങളിലും ആയിരക്കണക്കിന് വിശ്വാസികളാണ് ശബരിമലയിൽ എത്തുന്നത്. സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും തീർത്ഥാടനത്തിന് പ്രധാനമായും ട്രെയിൻ മാർഗമാണ് പ്രധാനമായും ആശ്രയിക്കുന്നത്. അമിതനിരക്ക് പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞിട്ടുണ്ട്.

