പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതോടെ ഇന്ത്യ ഡിജിറ്റൽ രംഗത്ത് വലിയ മുന്നേറ്റമാണ് കരസ്ഥമാക്കിയിട്ടുള്ളത്. കേന്ദ്രസർക്കാർ സേവനങ്ങൾ പലതും ഇന്ന് നമ്മുടെ വിരൽതുമ്പിൽ ലഭ്യമാണ്. എന്നാൽ ഇതിൽ ചില ആപ്പുകൾ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രം ലഭ്യമാകുന്നവയാണ്. ഐഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ചില കേന്ദ്രസർക്കാർ ആപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം.
കിസാൻ സുവിധ (Kisan Suvidha)
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ സഹായിക്കുന്നതിനാണ് കേന്ദ്ര സർക്കാർ കിസാൻ സുവിധ എന്ന ആപ്ലിക്കേഷൻ രൂപീകരിച്ചത്. കർഷകർക്ക് ഏത് മാർക്കറ്റിങ് യാർഡിലെയും ഏത് ചരക്കിന്റെയും തത്സമയ ലേലം ട്രാക്ക് ചെയ്യാൻ ഈ ആപ്പ് സഹായിക്കും. വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സാധനങ്ങൾ പരിശോധിക്കാൻ ബ്രോക്കർമാരെ ഈ ആപ്ലിക്കേഷൻ സഹായിക്കുകയും ചെയ്യും.
ഡിഎൻഡി (DND)
ആവശ്യമില്ലാത്ത കൊമേഷ്യൽ കോളുകൾ (UCC)/ ടെലിമാർക്കറ്റിംഗ് കോളുകൾ / എസ്എംഎസ് എന്നിവ ഒഴിവാക്കാനുള്ള ആപ്ലിക്കേഷനാണ് ഡിഎൻഡി. ട്രായ് ആണ് ഈ ആപ്പ് പുറത്തിറക്കിയത്. ഉപയോക്താക്കൾ ഈ ആപ്പിൽ അവരുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ പിന്നീട് ടെലിമാർക്കറ്റിങ് കോളുകൾ ലഭിക്കില്ല.
പിഎംഒ ഇന്ത്യ (PMO India)
പിഎംഒ ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനാണ്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും വാർത്താ അപ്ഡേറ്റുകളും ഈ ആപ്പിലൂടെ ലഭ്യമാകും. 13 ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്തിന്റെ’ ഓഡിയോ റെക്കോർഡിങ്ങുകളും വീഡിയോകളും ഇതിലൂടെ ലഭിക്കും.
ഭാഷിണി (Bhashini)
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് സാങ്കേതികവിദ്യകളുടെയും ശക്തി പ്രയോജനപ്പെടുത്തി ഭാഷകൾക്കായി ഒരു ദേശീയ പൊതു ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനാണ് ഭാഷിണി ആപ്പ് ആവിഷ്ക്കരിച്ചത്. ഇന്ത്യയിലെ പൗരന്മാർക്ക് സേവനങ്ങളും ഉൽപ്പന്നങ്ങളും ഡെലവപ്പ് ചെയ്യാനുള്ള സഹായം ഇതിൽ നിന്നും ലഭിക്കും.
ജീവൻ പ്രമാൺ (Jeevan Pramaan)
പെൻഷൻകാർക്ക് ബയോമെട്രിക് എനേബിൾ ചെയ്ത ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ആപ്ലിക്കേഷനാണ് ജീവൻ പ്രമാൺ. ഈ ആപ്പിലൂടെ ജീവന് പ്രമാൺ ഐഡിയുടെ സഹായത്തിൽ സർട്ടിഫിക്കേഷന്റെ പിഡിഎഫ് കോപ്പി ഡൗൺലോഡ് ചെയ്യാം.
യോഗ്യത (Yogyata)
ഓൺലൈൻ പഠന പ്ലാറ്റ്ഫോമായ യോഗ്യത ആപ്പ് ഉപയോക്താവിന് പുതിയ കഴിവുകൾ പഠിക്കാനും ഭാവിയിൽ പലവിധത്തിലുള്ള ജോലികൾക്ക് അവരെ യോഗ്യരാക്കാനുമാണ് വികസിപ്പിച്ചിട്ടുള്ളത്.
മൈസിജിഎച്ച്എസ് (myCGHS)
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ളതാണ് ഈ ആപ്ലിക്കേഷൻ. ഉപയോക്താക്കൾക്ക് ഡോക്ടർമാരുടെയും വെൽനസ് സെന്ററുകളുടെയും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. അവ ക്യാൻസൽ ചെയ്യാനുള്ള സംവിധാനവും ഈ ആപ്പ് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ചികിത്സയ്ക്കായി ലഭ്യമാകുന്ന ആശുപത്രികളും ലാബുകളും കണ്ടെത്താനും ആപ്പ് സഹായിക്കും.
മൈഗ്രീവൻസ് (MyGrievance)
മൈഗ്രീവൻസ് ആപ്പ് വികസിപ്പിച്ചത് ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് & പബ്ലിക് ഗ്രീവൻസുമായി സഹകരിച്ച് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ ഈ ആപ്പ് ഉപഭോക്താക്കളെ സഹായിക്കും. പരാതികളുടെ സ്റ്റാറ്റസ് തത്സമയം ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

