ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന മുന്നറിയിപ്പുമായി ഒരു വിഭാഗം നേതാക്കള്‍. അവശേഷിക്കുന്ന ഒരു വര്‍ഷം സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗെഹ്‌ലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നടപടി വൈകുന്നതിലും സച്ചിന്‍ അനുകൂലികള്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, വിവാദത്തില്‍ സച്ചിന്‍ പൈലറ്റ് മൗനം പാലിക്കുകയാണ്.
പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന എഐസിസി നിര്‍ദ്ദേശം ആരും ലംഘിക്കാന്‍ പാടില്ലെന്നാണ് ഗെഹ്ലോട്ട് സച്ചിന് നല്‍കുന്ന മറുപടി. മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളില്‍ ഉന്നയിച്ച പരാതികളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്ന ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അനക്കമില്ലെന്ന് കണ്ടതോടെയാണ് ഗെഹ്‌ലോട്ടിനെതിരെ സച്ചിന്‍ പക്ഷം വീണ്ടും തിരിഞ്ഞത്.
രാജസ്ഥാനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന ഗലോട്ടിന്റെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളിയിരുന്നു. പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും പ്രതികരണമില്ല.
അതേസമയം, ഇന്ന് മധ്യപ്രദേശിലെത്തുന്ന ഭാരത് ജോഡോ യാത്രയില്‍ വൈകുന്നേരം പ്രിയങ്കാ ഗാന്ധി ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാര്‍ത്താ സമ്മേളനവുമുണ്ടാകും.
