കോട്ടയം: ശശി തരൂർ എംപിയ്ക്ക് വേദി ഒരുക്കാൻ തയ്യാറെടുത്ത് കോട്ടയത്തെ എ ഗ്രൂപ്പ്. കോൺഗ്രസിൽ വിലക്ക് വിവാദത്തിന് പിന്നാലെയാണ് കോട്ടയത്തെ എ ഗ്രൂപ്പിന്റെ നടപടി. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശശി തരൂർ മലബാർ പര്യടനം ആരംഭിച്ചതോടെയാണ് കോൺഗ്രസിൽ അഭിപ്രായ ഭിന്നത ആരംഭിച്ചത്. കോഴിക്കോട് യൂത്ത് കോൺഗ്രസ് നിശ്ചയിച്ചിരുന്ന സെമിനാർ നേതൃത്വം ഇടപെട്ട് മാറ്റിവെച്ചതോടെയാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളായത്. പിന്നീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശശി തരൂരിന് താക്കീത് നൽകി രംഗത്തെത്തിയിരുന്നു.
അതേസമയം, വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ എന്ന പ്രമേയത്തിലാണ് യൂത്ത് കോൺഗ്രസ് മഹാസമ്മേളനം നടക്കുന്നത്. ഇതിന്റെ ഉദ്ഘാടകനായാണ് ശശി തരൂർ പങ്കെടുക്കുന്നത്. പരിപാടിയുടെ പ്രചാരണ പോസ്റ്ററിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, കെ. സുധാകരൻ തുടങ്ങിയവരുടെ ചിത്രം ഉൾപ്പെടുത്തി ആദ്യം പോസ്റ്റർ ഇറക്കി. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിത്രം ഇതിൽ ഉണ്ടായിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.

