സാനിറ്ററി പാഡുകളിലെ രാസവസ്തുക്കള്‍; അലര്‍ജി, വന്ധ്യത, അര്‍ബുദം ഉള്‍പ്പെടെ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പഠനം

ഇന്ത്യയില്‍ വിപണിയിലുള്ള പ്രശസ്ത ബ്രാന്‍ഡ് സാനിറ്ററി പാഡുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പല സാനിറ്ററി പാഡുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഫാലേറ്റ്സ്, വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയില്‍ വില്‍ക്കുന്ന പല സാനിറ്ററി പാഡുകളിലുമുള്ളതായും ഇത്തരം രാസവസ്തുക്കള്‍ സ്ത്രീകളില്‍ അലര്‍ജി മുതല്‍ വന്ധ്യതയും അര്‍ബുദവും ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും, പഠനസംഘം പറയുന്നു. ഉല്‍പ്പന്നത്തെ മൃദുവാക്കാനും അയവുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫാലേറ്റ്സ്. വിവിധ പ്ളാസ്റ്റിക് ഉത്പ്പന്നങ്ങളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു രാസവസ്തുവാണിത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന രണ്ട് ബ്രാന്‍ഡുകളില്‍ ആറ് തരത്തിലുള്ള ഫാലേറ്റുകള്‍ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി. കിലോയ്ക്ക് 10 മുതല്‍ 19,600 മൈക്രോഗ്രാം എന്ന പരിധിയിലാണ് ഈ രാസവസ്തു പാഡുകളില്‍ അടങ്ങിയിരിക്കുന്നത്. സ്ത്രീകളെ വന്ധ്യതയിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണമാകുന്നു. കൂടാതെ ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍, ഇന്‍സുലിന്‍ പ്രതിരോധം, രക്താതിസമ്മര്‍ദം മുതലായവയിലേക്കും ഫാലേറ്റ്സ് നയിക്കുന്നു. സാനിറ്ററി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന അത്യപകടകാരിയായ മറ്റൊരു രാസവസ്തുവാണ് വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട്. ഇവ എളുപ്പത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു. പെര്‍ഫ്യൂമുകള്‍, പെയിന്റുകള്‍, എയര്‍ ഫ്രഷ്നറുകള്‍ എന്നിവയില്‍ വിഒസി വ്യാപകമായി ഉപയോഗിക്കാറുണ്ട്. പാഡുകളില്‍ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. ക്ഷീണം, ബോധക്ഷയം, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിവ മുതല്‍ വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. കൂടാതെ ഈ രാസവസ്തു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിച്ചേക്കാം.

അതേസമയം, ദേശീയ കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 15നും 24നും ഇടയില്‍ പ്രായമുള്ള 65 ശതമാനം സ്ത്രീകളും സാനിറ്ററി പാഡ് ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.