ന്യൂഡല്‍ഹി ടെലവിഷന്റെ 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കുന്നതിന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചു. 379 രൂപ നിലവാരത്തില്‍ വ്യാപാരം നടക്കുന്ന ഓഹരികള്‍ക്ക് 294 രൂപയാണ് അദാനി വിലയിട്ടിരിക്കുന്നത്. ഇതുവഴി 493 കോടി രൂപ മുടക്കി 1.67 കോടി ഓഹരികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഡിസംബര്‍ അഞ്ചിന് അവസാനിക്കും.
അതേസമയം, എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സില്‍ 99.99 ശതമാനം ഓഹരി കൈവശമുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍(വിസിപിഎല്‍)ഏറ്റെടുത്തതിലൂടെയാണ് അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയിലെ 29.18 ഓഹരികള്‍ സ്വന്തമാക്കാനായത്. തുടര്‍ന്ന് വിപണിയില്‍ നിന്ന് കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്ക് കമ്പനിയില്‍ യഥാക്രമം 15.94ശതമാനം, 16.32ശതമാനം ഓഹരികളാണുള്ളത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് 14.72ശതമാനം ഓഹരികളുണ്ട്. വ്യക്തികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി 23.84ശതമാനവുമാണ് ഓഹരി പങ്കാളിത്തമുള്ളത്.
അദാനി മുന്നോട്ടുവെച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ വ്യാപാരം നടക്കുന്നതിനാല്‍ ഓപ്പണ്‍ ഓഫറിനോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്ന് എന്‍ഡിടിവിയുടെ സ്വതന്ത്ര ഡയക്ടര്‍മാര്‍ ഓഹരി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

