തൃശ്ശൂര്‍: പത്തനംതിട്ടയിലെ എല്‍ഡി ക്ലര്‍ക്ക് നിയമന വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ‘സംസ്ഥാന വ്യാപകമായി അനധികൃത നിയമന മാഫിയ പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണിത്. ജില്ലാ കളക്ടറുടെ യൂസര്‍ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. എല്ലായിടത്തും സര്‍ക്കാര്‍ അരാജകത്വമാണ്. പൊലീസിന് സര്‍ക്കാര്‍ സംവിധാനത്തെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. മറ്റേതെങ്കിലും ഏജന്‍സികള്‍ അന്വേഷിക്കണം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതാണ് ഉചിതം’- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ 18ന് പത്തനംതിട്ടയിലെ വിവിധ റവന്യു ഓഫീസുകളിലേക്ക് എല്‍ഡി ക്ലര്‍ക്ക്മാരെ നിയമിച്ചതില്‍ 25 പേരുടെ പട്ടികയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് നേരിട്ട് ഉത്തരവ് നല്‍കിയത്. 25 പേരുടെ പട്ടികയില്‍ 10 റാങ്കുകാരനും ഏഴാം റാങ്കുകാരിയും 21ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. പട്ടികയില്‍ ഉള്ള ബാക്കി 23 പേര്‍ക്ക് നിയമന ഉത്തരവ് കിട്ടിയിട്ടുമില്ല. നിയമന ഉത്തരവ് രജിസ്റ്റേഡ് തപാല്‍ വഴി അയക്കണമെന്നിരിക്കെ ഇത് ലംഘിച്ചത് ജോയിന്റ് കൗണ്‍സില്‍ നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്നാണ് വിമര്‍ശനം. കളക്ട്‌ട്രോറ്റിലെ സീക്രട്ട് സെക്ഷനില്‍ നിന്ന് പട്ടികയിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഒരേപോലെ ഉത്തരവ് അയക്കുന്നതാണ് സാധാരണ നടപടിക്രമം. ഇത് പ്രകാരം ഇന്നലെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി കളക്‌ട്രേറ്റില്‍ നിന്ന് നിയമന ഉത്തരവ് അയച്ചത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, പത്താം റാങ്കുകാരനായ അനന്തുവിന്റെ അഡ്രസില്‍ തെറ്റുണ്ടായിരുന്നതിനാല്‍ ഇത് തിരുത്താനുള്ള അപേക്ഷ നല്‍കുകയും നടപടി ക്രമങ്ങള്‍ പാലിച്ചുമാണ് നേരീട്ട് ഉത്തരവ് കൈപ്പറ്റിയതെന്നാണ് ജോയിന്റ് കൗണ്‍സിലിന്റെ വിശദീകരണം. എന്നാല്‍, അഡ്രസ് തിരുത്തുന്നത് സംബന്ധിച്ച് അപേക്ഷകള്‍ കിട്ടിയോ എന്നതില്‍ സീക്രട്ട് സെക്ഷന്‍ സൂപ്രണ്ടിന് വ്യക്തമായ മറുപടി ഇല്ല.

