തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് റേഷൻ വ്യാപാരികൾ. ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടുമെന്ന് വ്യപാരികൾ അറിയിച്ചു.
സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ ഇല്ല. ഈ സാഹചര്യത്തിലാണ് AKRDDA,KSRRDA,KRUF(CITU),KRUF(AITUC) എന്നീ സംഘടന നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്.
ഇടത് അനുകൂല സംഘടനകളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. സമര നോട്ടീസ് ചൊവ്വാഴ്ച്ച സർക്കാറിന് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ട്.
പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരം ആരംഭിക്കുന്നത്. സമരം റേഷൻ വ്യാപാരത്തെ പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

