തിരുവനന്തപുരം: കോൺഗ്രസും ശശി തരൂരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തിൽ ചർച്ചയായി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അമേരിക്കയുടെ മുൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്റെ വാക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
കാര്യങ്ങൾ നന്നായി മാറ്റിമറിക്കുന്നതിന് ലഭിക്കുന്ന അവസരം ധീരന്മാരും വിദഗ്ദ്ധരുമായ നേതാക്കൾ ഉപയോഗിക്കുമ്പോഴാണ് ലോകത്തിൽ പുരോഗതിയുണ്ടാകുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ധീരന്മാർ ചരിത്രം സൃഷ്ടിക്കുന്നു. നേരെ മറിച്ചല്ല. അത്തരം നേതൃത്വം ഇല്ലാത്ത കാലഘട്ടത്തിൽ സമൂഹം നിശ്ചലമായിപ്പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹാരി എസ് ട്രൂമാനായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിൽ അണുബോംബ് ഇടാൻ തീരുമാനമെടുത്തത്. തരൂരിന്റെ വിവിധ ജില്ലാ സന്ദർശനങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മലബാർ പര്യടനത്തിന് കോഴിക്കോട്ട് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. സെമിനാറിൽ നിന്ന് സംഘാടകരായ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പിൻവാങ്ങിയെങ്കിലും കോഴിക്കോട് എം.പി എം.കെ. രാഘവന്റെ നേതൃത്വത്തിൽ ജവഹർ യൂത്ത് ഫൗണ്ടേഷൻ ചടങ്ങ് നടത്തി. നൂറുകണക്കിന് പേരാണ് ഇതിൽ പങ്കാളികളായത്.

