ഗാന്ധിനഗര്‍: കോണ്‍ഗ്രസിന്റെ ‘ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ‘ഒരു കോണ്‍ഗ്രസ് നേതാവ് നര്‍മ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു’- എന്നായിരുന്നു മോദിയുടെ പരിഹാസം.
‘മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ സൃഷ്ടിച്ച നിയമതടസ്സങ്ങള്‍ കാരണം നര്‍മ്മദാ നദിക്ക് മുകളിലൂടെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നു. മേധാ പട്കര്‍ ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തി. നര്‍മ്മദാ അണക്കെട്ടിന് എതിര്‍ത്തവരുടെ തോളില്‍ കൈവെച്ചാണോ നിങ്ങള്‍ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്പോള്‍ കോണ്‍ഗ്രസിനോട് ചോദിക്കൂ…’-അദ്ദേഹം പറഞ്ഞു.
അതേസമയം, 2017ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരായ മേധാ പട്കറുടെ പ്രചാരണത്തെ ബിജെപി മുന്‍പും എതിര്‍ത്തിരുന്നു. ‘നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍’ എന്ന പേരില്‍ നര്‍മദ സരോവര്‍ പദ്ധതി കുടിയൊഴിപ്പിക്കുന്നവര്‍ക്കായി പ്രക്ഷോഭം നടത്തിയ വ്യക്തിയാണ് മേധാ പട്കര്‍. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്.

