കൊച്ചി: വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. വിവാഹിതരായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്ന് കോടതി അറിയിച്ചു. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട മുപ്പത്തിയൊന്നുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
പശ്ചിമ ബംഗാളിൽ നിന്നുളള പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതായിരുന്നു യുവാവിനെതിരെയുള്ള കുറ്റം. പെൺകുട്ടി ചികിത്സക്കെത്തിയപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്നും മുസ്ലിം വ്യക്തിനിയമപ്രകാരം അതിന് നിയമ തടസമില്ലെന്നുമായിരുന്നും ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയിൽ ഹർജി സമർപ്പിച്ചത്. മുസ്ലിം വ്യക്തിനിയമപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് പതിനെട്ട് വയസ് തികയേണ്ടതില്ലെന്നും ഇയാൾ ഹർജിയിൽ പറഞ്ഞിരുന്നു. പോക്സോ കേസിനെ മുസ്ലിം വ്യക്തിനിയമിത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളുകയായിരുന്നു.

