കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: പുരി ജഗന്നാഥിനെയും ചാര്‍മിയെയും ചോദ്യം ചെയ്ത് ഇഡി

വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തിയ ‘ലൈഗര്‍’ ചിത്രത്തിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംവിധായകന്‍ പുരി ജഗന്നാഥിനെയും നിര്‍മ്മാതാവ് ചാര്‍മ്മിയെയും ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് പുരി ജഗന്നാഥ്.

സിനിമയിലൂടെ ഫെമ നിയമം ലംഘിച്ച് സാമ്ബത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്സണ്‍ നല്‍കിയ പരാതിയിലാണ് നടപടി. സിനിമാ നിര്‍മ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നും 120 കോടിയാണ് ഇതിനായി ചെലവാക്കിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. 15 ദിവസം മുന്‍പാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്.

സിനിമ നിര്‍മ്മാണത്തിന് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും നിര്‍മ്മാണത്തിന് വിദേശ നിക്ഷേപകര്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും സംബന്ധിച്ചും വിശദീകരണം തേടി. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നിരവധി കമ്ബനികള്‍ പണം കൈമാറിയിട്ടുള്ളതായാണ് ഇഡി സംശയിക്കുന്നത്.