എൻഎസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനമെന്ന പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ല; ഫേസ്ബുക്ക് കുറിപ്പുമായി പ്രിയാ വർഗീസ്

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമർശത്തിനെതിരെ സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. നാഷണൽ സർവീസ് സ്‌കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനമെന്ന പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വർഗീസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുരിപ്പിലൂടെയാണ് പ്രിയാ വർഗീസിന്റെ പരാമർശം.

കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിൻവലിച്ചത്. പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും പ്രിയാ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന കോടതിയുടെ പരാമർശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതോടെ പ്രിയ ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയാ വർഗീസ് ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് ഇട്ടത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല ????Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ ‘വ്യക്തിയല്ല സമൂഹമാണ് പ്രധാനം ‘എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്‌കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.