നിയമന വിവാദം; താത്കാലിക നിയമനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ച് സിപിഎം

തിരുവനന്തപുരം: നിയമന വിവാദങ്ങൾ പരിശോധിക്കാൻ സിപിഎം. തിരുവനനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ പേരുൾപ്പെട്ട കത്ത് വിവാദത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിക്കുകയും ചെയ്തു.

നിയമന വിവാദങ്ങൾ തിരിച്ചടിയായെന്നാണ് പാർട്ടി വിലയിരുത്തുന്നത്. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പരിശോധിക്കാനും യോഗത്തിൽ തീരുമാനിച്ചു. നിലവിലെ വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം മാത്രം ഇതുസംബന്ധിച്ച തീരുമാനമെടുക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

സർവകലാശാല നിയമനങ്ങളെ കുറിച്ചും പാർട്ടി ചർച്ച ചെയ്തു. വിവാദങ്ങൾക്കിടയാക്കിയ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദ്ദേശം നൽകി. പ്രിയാ വർഗീസിന്റെ നിയമനവും, സാങ്കേതിക സർവകലാശാല, ഫിഷറിസ് സർവകലാശാല തുടങ്ങിയവയിലെ വൈസ് ചാൻസിലർ നിയമനവും കോടതി വഴി അസാധുവാക്കപ്പെട്ട വിഷയവും പാർട്ടിയിൽ ചർച്ചാ വിഷയമായി.