കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ അപാകതയില്ല; വിശദീകരണവുമായി ഗവര്‍ണര്‍

കൊച്ചി: കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ അപാകതയില്ലെന്ന വിശദീകരണവുമായി ഗവര്‍ണര്‍. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പ്രോ വി സിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയും യുജിസി ചട്ടപ്രകാരം ചുമതല ഏല്‍പ്പിക്കാനാകില്ലെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. ഈ രണ്ട് ശുപാര്‍ശകളും യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.

അതേസമയം, സുപ്രീംകോടതി വിധിയും, യു ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവര്‍ണറുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധം തുടരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല. ഇതോടെ, കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

എന്നാല്‍, ഗവര്‍ണറോടുള്ള പോര് തുടരുന്നതു കാരണം താല്‍ക്കാലിക ചുമതല നല്‍കിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.