ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാനാകില്ലെന്ന് സുപ്രീംകോടതി. സ്വകാര്യ കോളേജുകള്‍ ബോണ്ട് വാങ്ങുന്നത് ഞെട്ടല്‍ ഉളവാക്കുന്നുവെന്നും സര്‍ക്കാരിന് മാത്രമേ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാന്‍ അനുമതി ഉള്ളു എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സര്‍വീസില്‍ ഉള്ളവര്‍ പഠനം നടത്തുമ്പോള്‍ സര്‍ക്കാരിന് ബോണ്ട് വാങ്ങാം. എന്നാല്‍, മറ്റാര്‍ക്കും അതിന് അധികാരം ഇല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ പഠനം പൂര്‍ത്തിയായതിന് ശേഷം ഒരു വര്‍ഷം തങ്ങളുടെ കോളേജില്‍ പഠിക്കുകയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ബോണ്ടിന് എതിരായ ഹര്‍ജി പരിഗണിക്കവെ നിലപാട് വ്യക്തമാക്കുകയായിരുന്നു സുപ്രീംകോടതി.
അതേസമയം, പഠനം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വിദ്യാര്‍ഥി ബോണ്ടിനെതിരെ കോടതിയെ സമീപിച്ചത്. പണം തിരികെ നല്‍കാന്‍ വൈകിയാല്‍ എട്ട് ശതമാനം പലിശ കൂടി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബോണ്ടിനെതിരെയാണ് വിദ്യാര്‍ഥി കോടതിയിലെത്തിയത്.

