ബാക്ടീരിയ സാന്നിദ്ധ്യം; ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്ക് താത്കാലിക വിലക്കേർപ്പെടുത്തി ഖത്തർ

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്ക് താത്കാലിക വിലക്കേർപ്പെടുത്തി ഖത്തർ. ഉത്പന്നങ്ങളിൽ ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഖത്തർ ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റ് ആരംഭിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

ഇന്ത്യയിൽ നിന്ന് കഴിഞ്ഞമാസമെത്തിയ ഏതാനും ചെമ്മീൻ കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഖത്തർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. വിലക്ക് നീക്കാനായി ഖത്തർ ഭരണകൂടവുമായി ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹന അതോറിറ്റി (എംപെഡ) ചർച്ചകൾ ആരംഭിച്ചു.

കേന്ദ്രസർക്കാരിന് കീഴിലെ എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസിയുടെ (ഇ.ഐ.എ) സർട്ടിഫിക്കേഷനുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാമെന്ന് ഖത്തർ അറിയിച്ചതായി സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.എ.ഐ) അധികൃതർ അറിയിച്ചു. ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയ ചെമ്മീൻ കയറ്റുമതി കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി എംപെഡ അധികൃതർ പറഞ്ഞു. ഇഐഎ കയറ്റുമതിയിൽ നിന്ന് ഈ കമ്പനികൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഖത്തറിന്റെ നടപടി കയറ്റുമതി ലക്ഷ്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്.