പച്ചക്കറികൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…..

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഭക്ഷണമാണ് പച്ചക്കറികൾ. മനസ്സും ശരീരവും എപ്പോഴും ഊർജസ്വലമായിരിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെക്കാലത്ത് പച്ചക്കറികളിൽ ധാരാളം കീടനാശിനികൾ തളിക്കാറുണ്ട്. അതിനാൽ പച്ചക്കറികൾ വൃത്തിയാക്കുമ്പോൾ നല്ലതുപോലെ ശ്രദ്ധിക്കണം.

പച്ചക്കറികൾ കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നശേഷം വിനാഗിരി ലായനിയോ വാളൻപുളി വെള്ളത്തിലോ പത്തു മിനിറ്റുവരെ മുക്കിവെക്കുന്നത് അവയിലുള്ള കീടനാശിനികളുടെ അംശം കുറയ്ക്കും. പച്ചക്കറികൾ മഞ്ഞൾപ്പൊടി വെള്ളത്തിൽ മുക്കിവെക്കുന്നതും നല്ലതാണ്. പത്ത്മിനിറ്റിനുശേഷം പച്ചക്കറികളെടുത്ത് ടാപ്പിലെ വെള്ളത്തിൽ നന്നായി ഉരച്ചുകഴുകുന്നതും പ്രയോജനപ്രദമാണ്.

ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളിയെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ പിഴിഞ്ഞെടുത്താണ് പുളിവെള്ളം നിർമ്മിക്കേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടീസ്പൂൺ വിനാഗിരി ചേർത്ത് വിനാഗിരി മിശ്രിതം തയ്യാറാക്കാം. പച്ചക്കറികൾ ഫ്രിഡ്ജിൽ വെക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പച്ചക്കറികൾ കഴുകി വൃത്തിയാക്കി, വെള്ളം നന്നായി വാർന്നു പോയശേഷം മാത്രം ഫ്രിഡ്ജിലെടുത്ത് വയ്ക്കുക. ഓരോ പച്ചക്കറിയും വേർതിരിച്ച് വ്യത്യസ്ത ബോക്സുകളിലാക്കി സൂക്ഷിക്കുന്നതായിരിക്കും നല്ലത്. ബോക്സാണെങ്കിലും കവറാണെങ്കിലും നന്നായി അടച്ച ശേഷം മാത്രം വെക്കുക.

പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോൾ കേടുപാടുകൾ ഇല്ലാത്തവ വേണം തിരഞ്ഞെടുക്കേണ്ടത്.