കോള്‍ വരുമ്പോള്‍ ഫോണ്‍ സ്‌ക്രീനില്‍ വിളിക്കുന്നയാളുടെ പേര് കാണിക്കുന്ന ഫീച്ചറുമായി ട്രായ്. ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോര്‍ഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കെവൈസി അടിസ്ഥാനമാക്കിയുള്ള കോളര്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം വര്‍ധിച്ചുവരുന്ന സ്പാം കോളുകള്‍, തട്ടിപ്പുകള്‍ എന്നിവയില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുകയും, ഇത് നടപ്പിലാകുമ്പോള്‍ കോളറിന്റെ പേര് ഫോണില്‍ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നവരുടെ പേര് വിവരങ്ങള്‍ അറിയാന്‍ കഴിയുകയും ചെയ്യും. നിലവില്‍, ചില ഉപയോക്താക്കള്‍ ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ വഴി ഒരു അജ്ഞാത കോളറുടെ ഐഡന്റിറ്റി തിരിച്ചറിയുന്നുണ്ട്. എന്നാല്‍, ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ക്കും പരിമിതിയുണ്ട്. ആരെങ്കിലും വിളിക്കുമ്പോള്‍ കോള്‍ ലഭിക്കുന്നയാളുടെ ഫോണ്‍ സ്‌ക്രീനുകളില്‍ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടന്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് തയാറാക്കിയേക്കും. ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നു കോള്‍ വന്നാല്‍ പേരു ദൃശ്യമാക്കുന്ന ട്രൂകോളര്‍ സ്വകാര്യ ആപ് സേവനം ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ട്രൂകോളര്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്.
അതേസമയം, ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകള്‍ അനുസരിച്ചായിരിക്കും കാണിക്കുക. ഒരാളുടെ നമ്പര്‍ പലരുടെയും ഫോണില്‍ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതില്‍ ഒരുപോലെ ഏറ്റവും കൂടുതല്‍ വരുന്ന പേരാണ് ട്രൂകോളര്‍ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തില്‍ തിരിച്ചറിയല്‍ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോള്‍ ഫോണില്‍ ദൃശ്യമാകുക.

