മുല്ലപ്പെരിയാറില്‍ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയില്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ മരം മുറിക്കാന്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാനും അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് പുതിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതും മരംമുറിക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സേഫ്റ്റി ആക്ട് പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കി സുപ്രീംകോടതി ഉത്തരവിറക്കിയതിന് ശേഷവും തീരുമാനമുണ്ടാകുന്നില്ലെന്നും കേരളം പ്രതിബന്ധ നടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് വീണ്ടും അപേക്ഷ നല്‍കിയിരിക്കുന്നത്.
തമിഴ്‌നാട് ആവശ്യപ്പെട്ടത്:
- ഡാം ബലപ്പെടുത്തുന്നതും മരം മുറിക്കുന്നതുമുള്‍പ്പെടേയുള്ള വിഷയങ്ങളില്‍ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം.
- ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പതിനഞ്ച് മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ വര്‍ഷം കേരളം നല്‍കിയ അനുമതി പുനസ്ഥാപിക്കണം.
- വള്ളക്കുളം -മുല്ലപ്പെരിയാര്‍ റോഡിലൂടെ ഡാം ബലപ്പെടുത്തുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിക്കാനുള്ള അനുമതി നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണം.
- ഈ റോഡിന്റെ അറ്റകുറ്റപ്പണി കേരളം ഉടന്‍ പൂര്‍ത്തിയാക്കണം.
- ഡാമില്‍ ഫ്‌ലഡ് ഫോര്‍കാസ്റ്റിങ് സിസ്റ്റം സ്ഥാപിക്കണം.
- തമിഴ് നാടിന്റെ കൂടുതല്‍ ബോട്ടുകള്‍ക്ക് പെരിയാര്‍ തടാകത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണം തുടങ്ങിയവായാണ് തമിഴ്‌നാടിന്റെ മറ്റ് ആവശ്യങ്ങള്‍.
.ബേബിഡാമിലെ മരം മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുവാദം നല്‍കി ഉത്തരവ് ഇറക്കിയത് കേരളത്തില്‍ നേരത്തെ വിവാദമായിരുന്നു. ഉത്തരവിറക്കുന്നതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ജാഗ്രത കാണിച്ചില്ലെന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം നടപടി നേരിടുകയും നയപരമായ തീരുമാനങ്ങളില്‍ ഉത്തരവിറക്കുമ്‌ബോള്‍ സര്‍ക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെ ബെന്നിച്ചനെതിരായ വകുപ്പുതല നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയുമായിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് തമിഴ്‌നാട് മരം മുറിക്കാന്‍ അനുമതി നേടി വീണ്ടും സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.

