കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നും യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നും വ്യക്തമാക്കി ഹൈക്കോടതി. പ്രിയ വര്‍ഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല. പ്രിയ വര്‍ഗീസിന് മതിയായ അധ്യാപന പരിചയമില്ല. ഈ അഭിമുഖത്തില്‍ ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാന്‍ പ്രിയ വര്‍ഗ്ഗീസ് അയോഗ്യയാണ്- കോടതി ചൂണ്ടിക്കാട്ടി.
അസോ.പ്രൊഫസര്‍ നിയമനത്തിന് വേണ്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്‌ബോള്‍ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജി നിലനില്‍ക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകന്‍ മാത്രമാണെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പ്രിയ വര്‍ഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഇല്ല, സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അധ്യാപന പരിചയം അല്ലെന്നും കോടതി വ്യക്തമാക്കി. അധ്യാപകര്‍ രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയില്‍ ഹൈക്കോടതി നിരീക്ഷിച്ചു.

