കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വിവിധ കാണിക്കവഞ്ചികളില്‍ ഭക്തര്‍ നിക്ഷേപിച്ച കാല്‍ കോടിയോളം രൂപയുടെ നോട്ടുകള്‍ ദ്രവിച്ച് നശിച്ചു. മാസത്തില്‍ നാലുതവണ കാണിക്ക എണ്ണണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ അഡ്വക്കേറ്റ് കമ്മീഷന്‍ ഇടവേളകള്‍ സൃഷ്ടിച്ചതാണ് നോട്ടുകള്‍ നശിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കില്‍ മാറാന്‍ കഴിയാത്ത നോട്ടുകള്‍ നിലവില്‍ ക്ഷേത്ര അന്നദാന മന്ദിരത്തിന്റെ മൂലയില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ഒരാഴ്ച മുന്‍പ് 40 ദിവസത്തെ ഇടവേളയില്‍ നോട്ടുകള്‍ എണ്ണിയപ്പോള്‍ പതിനായിരക്കണക്കിന് നോട്ടുകള്‍ ദ്രവിച്ചിരുന്നു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കൂടുതലും ദ്രവിച്ചത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാത്രം ഏകദേശം ഏഴുലക്ഷം രൂപയുടെ നോട്ടുകള്‍ നശിച്ചതായാണ് വിവരം. ഇത്രയും തുക തുടര്‍ച്ചയായി നഷ്ടമായിട്ടും അഡ്വക്കേറ്റ് കമ്മീഷന്‍, ഹൈക്കോടതി നിര്‍ദേശിച്ച കാലപരിധി പാലിക്കാന്‍ തയ്യാറായിട്ടില്ല.
ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകളിലെ വരുമാനം പങ്കിടുന്നതിനെച്ചൊല്ലി ക്ഷേത്ര സ്ഥാനികളും ഭരണസമിതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കാണിക്കവഞ്ചികള്‍ മാസത്തില്‍ നാല് തവണ എണ്ണുക, കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകളിലെ വരുമാനത്തിന്റെ പകുതി പ്രത്യേകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക എന്നിവക്കായി ഹൈക്കോടതി 2014ല്‍ അഡ്വക്കേറ്റ് കമ്മീഷനെ നിയോഗിച്ചത്. ആദ്യകാലത്ത് മാസത്തില്‍ നാല് തവണ എത്തിയിരുന്ന അഡ്വക്കേറ്റ് കമ്മിഷന്‍ പിന്നീട് വരവ് മാസത്തില്‍ ഒരു തവണയാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കാണിക്ക എണ്ണല്‍ മാസത്തില്‍ ഒരു തവണ പോലും നടക്കാതെ വന്നതോടെയാണ് കൂടുതല്‍ തുക നശിച്ചത്. നശിച്ച കാണിക്കത്തുക അഡ്വക്കേറ്റ് കമ്മിഷനില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അഡ്വക്കേറ്റ് കമ്മിഷന് ഹൈക്കോടതി 25000 രൂപയാണ് അദ്യം വേതനം നിശ്ചയിച്ചിരുന്നത്. പല ഘട്ടങ്ങളായി ഉയര്‍ത്തി വേതനം 40000 രൂപയായി. ഓരോ തവണ കാണിക്ക എണ്ണാനെത്തുമ്‌ബോഴും 5000 രൂപ വീതം യാത്രക്കൂലിയും കൈപ്പറ്റുന്നുണ്ട്.

