പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു; മന്ത്രി ആർ ബിന്ദു

തൊടുപുഴ: പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അസോസിയേറ്റഡ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു. അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂർ വിസിയാണ്. പ്രിയ വർഗീസിന്റെ പിഎച്ച്ഡി കാലം പ്രവർത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതിൽ വൈസ് ചാൻസിലർക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു എന്ന കോടതിയുടെ പരാമർശം ഏതുതരത്തിലും വ്യാഖ്യാനിക്കാമല്ലോയെന്ന് മന്ത്രി ചോദിച്ചു.

അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സ്‌ക്രൂട്ടിനി കമ്മിറ്റി ഇവ എങ്ങനെയാണ് അധ്യാപന പരിചയമായി കണക്കാക്കിയതെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ പരിചയസമ്പത്ത് വേണമെന്നും കോടതി അറിയിച്ചു.

നല്ല അധ്യാപകർ മെഴുകുതിരികളെ പോലെ പ്രകാശിക്കേണ്ടതുണ്ട്. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കില്ല. പിഎച്ച്ഡി ഗവേഷണം ഫെല്ലോഷിപ്പോടെയാണ് നടത്തിയത്. ഈ സമയത്ത് ഡെപ്യൂട്ടേഷനിലാണെന്നും ഇക്കാലയളവിൽ അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.