ഉചിതമായ നടപടിയല്ല; കനേഡിയൻ പ്രധാനമന്ത്രിയോട് കയർത്ത് ചൈനീസ് പ്രസിഡന്റ്

ബാലി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് രൂക്ഷമായ ഭാഷയിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ജി20 ഉച്ചകോടി വേദിയിൽ വെച്ചായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം. ഇന്തോനേഷ്യയിലെ ബാലി വേദിയായ ജി20 ഉച്ചകോടിയിൽ വെച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ചായിരുന്നു ഷി ജിൻപിങ് കനേഡിയൻ പ്രധാനമന്ത്രിയോട് രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്.

ചർച്ച ചെയ്ത വിവരങ്ങളെല്ലാം പത്ര മാദ്ധ്യമത്തിലേയ്ക്ക് ചോർന്നു, അത് ഉചിതമായ നടപടിയല്ലെന്നായിരുന്നു ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. തങ്ങൾ സ്വതന്ത്രവും തുറന്നതുമായ സംഭാഷണത്തിൽ വിശ്വസിക്കുന്നുവെന്നാണ് ഇതിന് ട്രൂഡോ നൽകിയ മറുപടി. മൂന്ന് വർഷത്തിന് ഇരു രാഷ്ട്രത്തലവൻമാരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നത്.

ചർച്ചയിൽ 2019ലെ കനേഡിയൻ തിരഞ്ഞെടുപ്പിൽ ചൈനയുടെ ബാഹ്യ ഇടപെലുണ്ടായി എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉൾപ്പെടെ ഇരുവരും ചർച്ച ചെയ്തിരുന്നു. വിയോജിപ്പുകളുണ്ടെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാനായാണ് ഒരുങ്ങുന്നതെന്ന് ട്രൂഡോ ചർച്ചയിൽ പറഞ്ഞിരുന്നു. ശ്രമിക്കാമെന്നായിരുന്നു ചൈനീസ് പ്രസിഡന്റ് ഇതിന് നൽകിയ മറുപടി.