ന്യൂഡൽഹി: നോട്ട് നിരോധനത്തെ ന്യായീകരിച്ച് ഭരണഘടനാ ബെഞ്ചിന് മുൻപാകെ സത്യവാങ് മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. കള്ളപ്പണം നിരോധിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്നാണ് കേന്ദ്രസർക്കാർ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സർക്കാരിന്റെ ഏകകണ്‌ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആർബിഐയുടെ നിർദേശപ്രകാരമാണ് നടപ്പാക്കിയതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നോട്ട് നിരോധന കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കക്ഷികളായ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും കോടതി നിർദ്ദേശം നൽകിയിരുന്നു.
നോട്ട് നിരോധനത്തിന്റെ ആറാം വർഷത്തിലും പൊതുജനത്തിന്റെ പക്കൽ വിനിമയത്തിനായുള്ള നോട്ടുകളുടെ എണ്ണത്തിൽ കുറവില്ല എന്ന റിപ്പോർട്ട് നേരത്തെ ആർബിഐ തന്നെ പുറത്ത് വിട്ടിരുന്നു. പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 30.83 ലക്ഷം കോടി രൂപയാണ് ആർബിഐയുടെ കണക്ക് പ്രകാരം പൊതുജനത്തിന്റെ കൈയിൽ വിവിധ ആവശ്യങ്ങൾക്കായുള്ളത്. 2016 നവംബറിൽ 17 ലക്ഷം കോടി രൂപയാണ് ആകെ ഉപയോഗത്തിലുണ്ടായിരുന്നത്. ഈ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ 2016-നെ അപേക്ഷിച്ച് 71.84 ശതമാനം വർദ്ധനവാണ് പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
വിനിമയത്തിനായുള്ള ആകെ നോട്ടുകളിൽ നിന്ന് ബാങ്കിലുള്ള കറൻസിയുടെ എണ്ണം കുറച്ചതിന് ശേഷമുള്ള കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. ഒറ്റയടിക്ക് നോട്ട് നിരോധിച്ചത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 58 ഹർജികളാണ് നിലവിലുള്ളത്.

